ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി എ എ റഹീം എം പി തുടരാൻ ധാരണ; എം വിജിൻ എംഎൽഎയെ കേന്ദ്ര കമ്മിറ്റിയിൽ നിന്നും മാറ്റിയേക്കും

ഡിവൈഎഫ്ഐ അഖിലേന്ത്യ ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും. അഖിലേന്ത്യ പ്രസിഡന്റായി എ എ റഹീം എം പി തുടരാൻ ധാരണ. ജനറൽ സെക്രട്ടറി അബോയ് മുഖർജി മാറും. ഹിമാഗ്ന ഭട്ടാചാര്യ പുതിയ സെക്രട്ടറിയാകും. എം വിജിൻ എംഎൽഎയെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ നിന്നും മാറ്റിയേക്കും. കണ്ണൂർ ജില്ലാ സെക്രട്ടറി എൻ ഷാജറിനെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭ മാതൃകയില്‍ തൊഴില്ലായ്മക്കെതിരേ രാജ്യവ്യാപക സമരം സംഘടിപ്പിക്കാനും ഡി.വൈ.എഫ്.ഐ. ഒരുങ്ങുന്നു. കൊല്‍ക്കത്തയില്‍ നടക്കുന്ന സംഘടനയുടെ അഖിലേന്ത്യ സമ്മേളനത്തില്‍ സമരത്തിന്റെ രൂപരേഖ തയ്യാറാക്കും. നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ വിജയിച്ച കര്‍ഷക സംഘടനകളുടെ സമരത്തിന്റെ മാതൃകയില്‍ വിവിധ യുവജന സംഘടനകളെ പങ്കെടുപ്പിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് ഡി.വൈ.എഫ്.ഐ. ആലോചിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരം നടത്താതെ യുവജന സംഘടനകളെ അണിനിരത്തിയുള്ള സമരമാണ് സംഘടന ആലോചിക്കുന്നത്.