പിസി ജോർജിനെ അറസ്റ്റു ചെയ്യുമെന്നും പക്ഷെ തിടുക്കമില്ലെന്നും സി.എച്ച് നാഗരാജു
വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോർജിനെ അറസ്റ്റു ചെയ്യുമെന്നും പക്ഷെ തിടുക്കമില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. പി സി ജോർജിനെ പരിപാടിക്ക് ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്നും മുൻ പ്രസംഗം ആവർത്തിക്കാനുള്ള സാധ്യത ഉണ്ടെന്നറിഞ്ഞിട്ടാണ് പരിപാടിക്ക് ക്ഷണിച്ചതെന്ന് സംശയമുണ്ടെന്നും കമ്മീഷണർ പറഞ്ഞു. സംഘാടകർക്കെതിരെ ആവശ്യമെങ്കിൽ കേസെടുക്കും, ജോർജിനെ ചോദ്യം ചെയ്യാൻ ഇതുവരെ വിളിപ്പിച്ചിട്ടില്ലെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നുള്ള വാർത്തകളാണ് പുറത്തു വന്നിരുന്നത്. സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനായിരുന്നു തീരുമാനം. വെണ്ണലയിലെ ഒരു ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്.