ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടാൽ പ്രതിരോധത്തിലാകുന്നത് പരാതിക്കാരി തന്നെയായിരിക്കുമെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി അംഗങ്ങൾ മന്ത്രിയോട് പറഞ്ഞത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഇതേ ഡബ്ല്യു.സി.സി തന്നെയാണ് റിപ്പോർട്ട് പുറത്തുവിടണം എന്ന് നിരന്തരമായി പറയുന്നത്. റിപ്പോർട്ട് പുറത്തുവന്നാൽ പലരുടേയും മുഖങ്ങൾ വികൃതമാവുമെങ്കിലും സമൂഹത്തിന്റെ മനോഭാവമനുസരിച്ച് അത് താത്ക്കാലികം മാത്രമാണ്. ആൺ അല്ലെങ്കിൽ സൂപ്പർ ഹീറോ എന്ന് പറയുന്ന എല്ലാവരേയും കാലക്രമേണ ഒരു സിനിമയോ കഥാപാത്രമോ കണ്ടാൽ മറക്കുന്ന സമൂഹമാണ് ഇവിടെയെന്നും അവർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഡബ്ല്യുസിസിയെ വെട്ടിലാക്കി മന്ത്രി പി.രാജീവിന്റെ വെളിപ്പെടുത്തലുണ്ടായത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടതായി മന്ത്രി ഇന്ത്യന്‍ എക്‌സ്പ്രസിലെ പത്രപ്രവർത്തകരുമായി നടത്തിയ സംവാദത്തില്‍ പറഞ്ഞിരുന്നു.