പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചത് ഏകകണ്ഠമായിട്ടാണെന്ന് പി ജയരാജന്. ഭരണ രംഗത്ത് നല്ല പരിചയമുള്ള ആളാണ് പി ശശി. ഞാൻ കൂടി പങ്കാളിയായ സംസ്ഥാന കമ്മിറ്റിയാണ് നിയമനം തീരുമാനിച്ചത്. മറ്റ് വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണെന്നും പി ജയരാജന് പറഞ്ഞു. പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ എതിർപ്പറിയിച്ചെന്നാണ് ഇന്നലെ വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍, ഈ വാര്‍ത്ത പി ജയരാജൻ നിഷേധിച്ചു. ഒറ്റക്കെട്ടായിട്ടാണ് പി ശശിയെ നിയമിച്ചതെന്ന് പി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. നല്ല ഭരണപരിചയമുള്ള ആളാണ് ശശിയെന്ന് പറഞ്ഞ പി ജയരാജന്, കമ്മിറ്റിയിൽ എന്തൊക്കെ ചർച്ച നടന്നുവെന്ന് പുറത്തു പറയാനാവില്ലെന്നും വ്യക്തമാക്കി.