പി ജയരാജനെ തള്ളി ഇ.പി ജയരാജൻ

പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതില്‍ എതിര്‍പ്പറിയിച്ച പി ജയരാജനെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ . പി ശശിക്ക് ഒരു അയോ​ഗ്യതയുമില്ലെന്നും ഏകാഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനം എടുത്തതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഒരാള്‍ക്കെതിരെ നടപടി എടുത്താല്‍ അത് ആജീവനാന്തമല്ല. തെറ്റുകള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയുടെ കാര്യമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പി ജയരാജനാണ് സംസ്ഥാന സമിതിയിൽ പി ശശിയുടെ നിയമനത്തെ ചോദ്യം ചെയ്തത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന നിയമനത്തിൽ പാർട്ടി ജാഗ്രതയും സൂക്ഷമതയും പുലർത്തണമെന്നും ശശി ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ ഇടയുണ്ടെന്നും നിയമനത്തിൽ ജാഗ്രതയും സൂക്ഷ്മതയും വേണമെന്നുമാണ് പി ജയരാജൻ സംസ്ഥാന സമിതിയില്‍ പറഞ്ഞത് .