വധഗൂഡാലോചന കേസ്; അനൂപും സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അന്വേഷണ സംഘം ചോദ്യം ചെയ്യലിന് അറിയിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. വീട്ടില്‍ ക്രൈംബ്രാഞ്ച് നോട്ടിസ് പതിച്ചതുകൊണ്ടുമാത്രം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് ഇരുവര്‍ക്കും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ചോദ്യം ചെയ്യലിനായി ഇന്ന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. സാക്ഷിയായതും സ്ത്രീയെന്ന പരിഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നുണ്ട്. അതിനിടെ വധഗൂഡാലോചനാ കേസില്‍ മാധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് സുരാജ് ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.