കേന്ദ്ര സെക്രട്ടറിയേറ്റ് മുൻ അംഗം എ വിജയരാഘവൻ സിപിഎം പൊളിറ്റ്ബ്യൂറോയിലേക്ക്. മഹാരാഷ്ട്രയിൽ നിന്നും അശോക് ധാവ്ലയും ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളിൽ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്താൻ തീരുമാനമായി. എസ് രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തിൽ നിന്നും കേന്ദ്ര തലത്തിൽ പ്രവർത്തിക്കാൻ വിജയരാഘവൻ എത്തുക. നിലവിൽ എൽഡിഎഫ് കൺവീനറായ വിജയരാഘവൻ നേരത്ത സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. പിബിയിലേക്കെത്തുമ്പോൾ അദ്ദേഹത്തിന് കേന്ദ്ര തലത്തിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ലഭിക്കുക. പിബിയിലെ ദളിത് പ്രാതിനിധ്യം 23 ആം പാർട്ടി കോൺഗ്രസിൽ വളരെ പ്രധാന്യത്തോടെ പരിഗണിക്കപ്പെട്ടു. കേരളത്തിൽ നിന്നുള്ള ഒരംഗമായിരിക്കും ദളിത് പ്രാതിനിധ്യമായി പിബിയിലേക്കെത്തുകയെന്നായിരുന്നു ആദ്യത്തെ വിലയിരുത്തൽ. കെ രാധാകൃഷ്ണൻ, എകെ ബാലൻ എന്നിവർ പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ രാമചന്ദ്ര ഡോമിലേക്ക്ധാരണയാകുകയായിരുന്നു.