സിൽവർ ലൈനില്‍ ഇന്നും പ്രതിഷേധം

സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സിൽവർ ലൈനില്‍ ഇന്നും പ്രതിഷേധം തുടരുന്നു. കൊല്ലം കൊട്ടിയം തഴുത്തലയിൽ സിൽവർലൈൻ സർവേയ്ക്കെതിരെ വ്യാപക പ്രതിഷേധം. ഇന്ന് കല്ലിടുമെന്ന സൂചനയെ തുടർന്നാണ് നാട്ടുകാർ സംഘടിച്ചത്. ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാ ഭീഷണിയുമായി നാട്ടുകാരിൽ ചിലർ രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധത്തിന് പിന്തുണയുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഇവിടെ സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി അതിരടയാളക്കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തിയിരുന്നു. അന്ന് ഒരു കുടുംബം ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി ഉയർത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പിന്തിരിഞ്ഞു പോയത്. അതിനു ശേഷം ഇപ്പോൾ വീണ്ടു പ്രദേശത്ത് പ്രതിഷേധം ഉയരുകയാണ്.