സംസ്ഥാനത്ത് റേഷന്‍ കടകളും സഹകരണ ബാങ്കുകളും ഇന്ന് തുറക്കും

സംസ്ഥാനത്ത് റേഷന്‍ കടകളും സഹകരണ ബാങ്കുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. നാളെയും മറ്റന്നാളും പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം. പണിമുടക്കിന്‍റെ പശ്ചാത്തലത്തില്‍ സമയത്ത് റേഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല എന്ന വിലയിരുത്തലിലാണ് തുറക്കാൻ തീരുമാനിച്ചത്. രണ്ടു ദിവസത്തെ ബാങ്ക് അവധിയും രണ്ടു ദിവസത്തെ പൊതുപണിമുടക്കും കാരണം നാലു ദിവസം ബാങ്ക് പ്രവര്‍ത്തനം തടസപ്പെടുമെന്നതിനാലാണ് സഹകരണ ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. സഹകരണ രജിസ്ട്രാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. അതാത് ഭരണ സമിതി തീരുമാനപ്രകാരമാകും പ്രവര്‍ത്തനം. അതേ സമയം മറ്റു ബാങ്കുകള്‍ തുറക്കില്ല. കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 48 മണിക്കൂറാണ് പണിമുടക്ക്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവകാശങ്ങള്‍ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.