നടിയെ ആക്രമിച്ച കേസ് : രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് സുപ്രിംകോടതി അംഗീകരിച്ചില്ല. വധഗൂഡാലോചന കേസിലെ അന്വേഷണം പൂർത്തിയാകുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. നടൻ ദിലീപ് പ്രതിയായ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. അതിനിടെ, നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 17 ലേക്കാണ് മാറ്റിവച്ചത്.