ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിന്റെ ഭാഗമായി 2500 വിദ്യാര്‍ത്ഥികളെ കൂടി ഇന്ത്യയിലെത്തിച്ചു. യുക്രൈനിൽ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ എത്തിക്കാൻ ഇന്ന് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത് 13 വിമാനങ്ങളാണ്. ഇതുവരെ 16000 ത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിച്ചു. പോളണ്ട്, സ്ളോവാക്യ, ഹംഗറി , റൊമാനിയ അതിര്‍ത്തികളില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളും ഭാഗമായി. ആക്രമണം രൂക്ഷമായ കാര്‍കീവ്, കീവ് മേഖലയില്‍ നിന്നുള്ളവരാണ് തിരിച്ചെത്തിയവരില്‍ അധികവും. വ്യോമസേനയുടെ കൂടുതല്‍ വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ രക്ഷാദൗത്യത്തിന്‍റെ ഭാഗമാകും. യുക്രൈന്‍ അതിർത്തി കടക്കുന്നത് വരെ ഇന്ത്യന്‍ എംബസിയുടെ സഹായം ലഭിച്ചില്ലെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതിര്‍ത്തിയിലെത്തും വരെ മന്ത്രാലയം നല്‍കിയ ഒരു നമ്പറിലും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാനായില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. ദില്ലിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് പ്രത്യേക വിമാനങ്ങള്‍ കേരള സര്‍ക്കാര്‍ ഏർപ്പെടുത്തിയിരുന്നു. 1500 ഓളം വിദ്യാര്‍ത്ഥികള്‍ ഇതുവരെ കേരളത്തില്‍ മടങ്ങിയെത്തി. വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ പോകുന്ന വിമാനങ്ങള്‍ വഴി ദുരിതാശ്വാസ സാധനങ്ങളും ഇന്ത്യ യുക്രൈനിലേക്ക് അയക്കുന്നുണ്ട്.