മീഡിയ വണ്‍ ചാനലിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള അപ്പീല്‍ ഹര്‍ജി കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. മീഡിയ വണ്‍ ചാനല്‍ നല്കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തളളിയിരുന്നു. സുരക്ഷാകാരണങ്ങളാല്‍ വിലക്കെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ചും ശരിവെച്ചു. ചീഫ് ജസ്റ്റീസ് അടങ്ങിയ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാര്‍ നല്കിയ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഇന്ന് അന്തിമ വിധി പുറപ്പെടുവിച്ചത്.
ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ എന്തൊക്കെ കാരണങ്ങളാലാണ് തങ്ങളെ വിലക്കിയതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നുമാണ് ചാനലിന്റെ വാദം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മീഡിയ വണ്‍ പ്രതികരിച്ചു.