ജൂണ്‍ മാസത്തോടെ കോവിഡ് നാലാം തരംഗം രൂക്ഷമാക്കുമെന്ന് മുന്നറിപ്പ്. നാലാം തരംഗം 2022 ജൂണ്‍ 22 മുതല്‍ ആരംഭിച്ച് 2022 ഓഗസ്റ്റ് 23 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും 2022 ഒക്ടോബര്‍ 24ന് അവസാനിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറഞ്ഞു. നാലാമത്തെ തരംഗം ഉയര്‍ന്നുവന്നാല്‍ അത് കുറഞ്ഞത് നാല് മാസമെങ്കിലും നീണ്ടുനില്‍ക്കുമെന്നും ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ എത്രത്തോളം രൂക്ഷമാകുമെന്നത് കോവിഡിന്റെ ഏത് വകഭേദമാണ് വ്യാപിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മൂന്നാം തരംഗം ഏതാണ്ട് കാണ്‍പൂര്‍ ഐഐടിയുടെ പ്രവചനം പോലെയാണ് സംഭവിച്ചത്. ഇന്ത്യയില്‍ ആദ്യം കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെ 936ാം ദിവസം നാലാമത്തെ തരംഗം എത്തുമെന്നാണ് സ്ഥിതിവിവര കണക്കുകള്‍. കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന സമയത്താണ് നാലാം തരംഗത്തിന്റെ റിപോർട്ടുകൾ പുറത്തുവരുന്നത്. അടുത്ത കോവിഡ്-19 വേരിയന്റ് 2 വ്യത്യസ്ത രീതികളില്‍ ഉയര്‍ന്നുവരുമെന്ന് മറ്റൊരു ഗവേഷണം തെളിയിച്ചിട്ടുണ്ട്. പുതിയ വേരിയന്റിന് മുമ്പ് തിരിച്ചറിഞ്ഞതിനേക്കാള്‍ കാഠിന്യം കുറവായിരിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല എന്നും ഗവേഷകര്‍ ഊന്നിപ്പറഞ്ഞു. ഈ വര്‍ഷം കോവിഡ് അവസാനിക്കാനാണ് സാധ്യത കൂടുതലെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന് പറഞ്ഞു. അതേസമയം, 2019നു മുന്‍പുള്ള സ്ഥിതിയിലേക്ക് ഉടന്‍ മടങ്ങാനാകില്ലെന്ന് അവര്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ മഹാമാരിയില്‍ നിന്ന് കരകയറാനാകുമെന്നാണ് കരുതുന്നത്. കൊറോണ വൈറസിന്റെ ആരോഗ്യപരമായ ആഘാതങ്ങള്‍ നമ്മള് മറികടക്കും. മറ്റു ശ്വാസകോശ വൈറസുകളുടെ പോലെ അതിനോടൊപ്പം ജീവിക്കാന്‍ പഠിക്കുമെന്നും സൗമ്യ സ്വാമിനാഥന് വ്യക്തമാക്കി.