പുതിയ മദ്യനയത്തിന്റെ ഭാഗമായി മദ്യശാലകളുടെ ലൈസൻസ് ഫീസ് വർധിപ്പിക്കും. ബാറുകളുടെയും ക്ലബുകളുടെയും ലൈസൻസും ഇതര സേവനങ്ങളുടെ ലൈസൻസ് ഫീസും കൂട്ടാനാണ് സാധ്യത. ഫീസ് വർധിപ്പിക്കാൻ ആലോചിക്കുന്ന കാര്യം സർക്കാർ ലൈസൻസികളെ അറിയിച്ചിട്ടുണ്ട്. ബാറുകൾക്ക് 30 ലക്ഷം രൂപയാണ് നിലവിൽ ലൈസൻസ് ഫീസ്. ക്ലബ് ലൈസൻസിന് 20 ലക്ഷം രൂപയും ബീയർ-വൈൻ പാർലറുകൾക്ക് നാലു ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഫീസ് വർധിപ്പിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ ഫീസ് വർധിപ്പിക്കരുതെന്നാണ് ബാർ ഓണേഴ്സ് അസോസിയേഷന്റെ നിലപാട്. പഴങ്ങളിൽനിന്ന് വൈൻ ഉൽപാദിപ്പിക്കാൻ ചട്ടങ്ങൾക്ക് അംഗീകാരമായതോടെ വൈനറികളും നിലവിൽവരും. സർക്കാർ മേഖലയിലായിരിക്കും ഉൽപാദനം നടത്തുക. കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍, ജാതിക്ക എന്നിവയിൽനിന്ന് വൈൻ നിർമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചുമതല ബീവറേജസ് കോർപറേഷന് ആയിരിക്കും.