പ്രിയപ്പെട്ട നാരായണിക്ക്, അരങ്ങൊഴിഞ്ഞ ലളിതയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി

മലയാളത്തിന്റെ പ്രിയ നടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം.. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കെപിഎസി ലളിത വിടവാങ്ങിയത്. മരണവാര്‍ത്തയെ തുടര്‍ന്ന് കെപിഎസി ലളിതയെ കാണാന്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കെപിഎസി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ചെന്നിത്തല, മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേര്‍പാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാഷ്ടം തന്നെയാണെന്നാണ് നടന്‍ മോഹന്‍ലാല്‍ എഴുതിയത്. ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകള്‍. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷന്റെയും ഹൃദയത്തില്‍, അമ്മയായും, സഹോദരിയായും, സ്‌നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എന്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്‌നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍, കേവലം ഔപചാരികമായ വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആവുന്നില്ലെന്നും മോഹന്‍ലാല്‍ കുറിച്ചു.

വളരെ, വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കഥാപാത്രങ്ങളുടെ തനിമ, ശരീരഭാഷ, ശബ്ദം എന്നിവകൊണ്ടെല്ലാം വിസ്മയിപ്പിച്ച അഭിനേത്രിയാണ് കെപിഎസി ലളിതയെന്ന് കമല്‍ പറഞ്ഞു. മലയാളികള്‍ക്ക് ലളിത വെറും അഭിനേത്രി മാത്രമായിരുന്നില്ല. ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ലളിത അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മലയാളി ജീവിത പരിസരങ്ങളില്‍ നിത്യേന കണ്ടുമുട്ടുന്ന മനുഷ്യരാണ്. സഹസംവിധായകനായ കാലം മുതലുള്ള വ്യക്തിപരമായ അടുപ്പമാണ് കെപിഎസി ലളിതയോടെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് യാത്രയായതെന്ന് നടി മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്‍മകളില്ല. പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട- മഞ്ജു എഴുതി. കാലം കണ്ട ഏറ്റവും മികച്ച അഭിനേത്രികളിലൊരാളെയാണ് സിനിമയ്ക്ക് നഷ്ടമായതെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ അനുസ്മരിച്ചു. കെപിഎസി ലളിതയ്ക്ക് തുല്യം കെപിഎസി ലളിതമാത്രം. വ്യക്തിപരമായും നടി എന്ന നിലയിലും മലയാള സിനിമയ്ക്കും മലയാളി പ്രേഷകര്‍ക്കും ഇത് തീരാനഷ്ടമാണെന്നും രഞ്ജി പണിക്കര്‍ അനുസ്മരിച്ചു.

അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അനുപമാക്കിയ നടിയാണ് കെപിഎസി ലളിതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലര്‍ത്തിയ അഭിനേത്രിയാണ് ലളിത. സ്വാഭാവിക അഭിനയത്തിന്റെ പാഠശാല. നാടകവേദി മൂര്‍ച്ച കൂട്ടിയതാണ് കെപിഎസി ലളിതയുടെ അഭിനയ പാടവം. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്കാണ് അവസാനമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈയില്‍ കിട്ടുന്ന ഏതു കഥാപാത്രത്തെയും അനന്യമായ അഭിനയ മികവോടെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കവര്‍ന്ന അഭിനേത്രിയായിരുന്നു കെപിഎസി ലളിതയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രത്യേകിച്ചും മധ്യതിരുവിതാംകൂറിലെ ടിപ്പിക്കല്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ കെപിഎസി ലളിതയെ വെല്ലാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് പതിറ്റാണ്ടുകളോളം സിനിമാ ലോകം വാണ കെപിഎസി ലളിത വിടവാങ്ങുന്നത് അവസാനമഭിനയിച്ച ചിത്രങ്ങള്‍ തിയറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ‘ഭീഷ്മ പര്‍വം’ എന്ന ചിത്രത്തില്‍ കാര്‍ത്ത്യയനിയമ്മ എന്ന കഥാപാത്രത്തിലാണ് കെപിഎസി ലളിത എത്തുന്നത്. നവ്യാ നായരുടെ അമ്മ വേഷത്തിലെത്തുന്ന ‘ഒരുത്തിയും’ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ്.

കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.