തലശ്ശേരി കൊലപാതകം; കേസില്‍ നിര്‍ണായക തെളിവായത് വാട്‌സ്ആപ്പ് കോള്‍

തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി കൗണ്‍സിലറും മണ്ഡലം പ്രസിഡന്റുമായ ലിജേഷ് കുമാര്‍ അറസ്റ്റിലായ കേസില്‍ നിര്‍ണായക തെളിവായത് വാട്‌സ്ആപ്പ് കോള്‍. ഹരിദാസന്‍ കൊല്ലപ്പെട്ട ദിവസം ലിജേഷ് വിളിച്ച വാട്‌സ്ആപ്പ് കോളിന്റെ തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. പുലര്‍ച്ചെ ലിജേഷ് വിളിച്ച കോള്‍ ആളുമാറി ബന്ധുവിന്റെ ഫോണിലേക്ക് എത്തിയത്. കേസില്‍ അറസ്റ്റിലായ സുനേഷിന്റെ ഫോണിലേക്കാണ് ലിജേഷിന്റെ തൊട്ടടുത്ത കോള്‍ പോയിരിക്കുന്നത്.
ഹരിദാസിനെ കൊലപ്പെടുത്താന്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണം നടന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഹരിദാസ് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട വിവരം സുനേഷാണ് കൊലയാളി സംഘത്തെ അറിയിച്ചത്. ഇയാളുടെ ഫോണിലേക്കാണ് ലിജേഷ് ഈ സമയത്ത് വിളിച്ചത്. രണ്ട് ബൈക്കുകളിലായാണ് അക്രമികള്‍ ഹരിദാസിനെ കാത്ത് നിന്നത്. ഇവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.