ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു

ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001ല്‍ പുറത്തിറങ്ങിയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. വിണ്ണൈ താണ്ടി വരുവായ, കുഞ്ഞി രാമായണം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൊവിഡ് ടെസ്റ്റിനു ശേഷം വീട്ടിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുവരും.

 

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ജനസ്വീകാര്യത നേടിയ നടനായിരുന്നു കോട്ടയം പ്രദീപ്. നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്‍ എന്‍ പിള്ളയുടെ ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ചാണ് അദ്ദേഹം അരങ്ങിലെത്തുന്നത്. കോളജില്‍ വച്ചും അദ്ദേഹം ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു.