കുഴൽമന്ദം വാഹനാപകടം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

പാലക്കാട് കുഴൽമന്ദം വാഹനാപകടത്തിൽ രണ്ട് പേര് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കുഴൽമന്ദം വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഡ്രൈവർ മനപൂർവം അപകടമുണ്ടാക്കിയതാണെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കണം. അപകടത്തിന് മുമ്പ് ഡ്രൈവറും ബൈക്ക് യാത്രികരുമായി വാക്കുതർക്കം നടന്നതായി മരിച്ച യുവാക്കളുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. അപകടമുണ്ടാക്കിയ കെഎസ്ആർടിസി വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ ഔസേപ്പിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കെഎസ്ആർടിസി സസ്‌പെന്റും ചെയ്തിരുന്നു. എന്നാൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകൾ ദുർബലമാണെന്നും അപകടം ഡ്രൈവർ മനപൂർവ്വം ഉണ്ടാക്കിയതാണെന്നുമാണ് ബന്ധുക്കളുടെ പരാതി. കാവശേരി സ്വദേശി ആദർശ് മോഹനനും കാസർകോട് സ്വദേശി കെ. സബിത്തുമാണ് അപകടത്തിൽ മരിച്ചത്.