എല്ലാ ജില്ലാ ആശുപത്രികളിലും സ്‌ട്രോക് യൂണിറ്റ് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌ട്രോക് വന്ന വ്യക്തികള്‍ക്ക് തുടക്കത്തില്‍ തന്നെ മികച്ച ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കും. ഇക്കാര്യം മനസിലാക്കിയാണ് എല്ലാ ജില്ലാ ആശുപത്രികളിലും സ്‌ട്രോക്ക് യൂണിറ്റ് ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാട്യത്തെ ഫാമിലി ഹെല്‍ത്ത് സെന്ററിനെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയതായും മന്ത്രി പറഞ്ഞു. പി എച്ച് സികളെ എഫ് എച്ച് സികളായി ഉയര്‍ത്തുന്നത് ഏറ്റവും സംതൃപ്തി നല്‍കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനസജ്ജമായതോടെ ജനങ്ങള്‍ക്ക് തൊട്ടടുത്തു തന്നെ മികച്ച ചികിത്സ ലഭ്യമാകും. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയം വൈകിട്ട് ആറു മണിവരെ ആയതോടെ വളരെയേറെ പേര്‍ക്ക് സഹായകമാകും. സ്വകാര്യതയുള്ള പരിശോധന മുറികള്‍, മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സകള്‍, ഡോക്ടര്‍മാരെ കാണുന്നതിന് മുമ്പ് നഴ്സുമാര്‍ വഴി പ്രീ ചെക്കപ്പിനുള്ള സൗകര്യം, രോഗി സൗഹൃദവും ജന സൗഹാര്‍ദ്ദവുമായ അന്തരീക്ഷം എന്നിവ ഉറപ്പാക്കിയാണ് കുടുബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
1.49 കോടി രൂപ ചെലവഴിച്ചാണ് മൊകേരി ഗ്രാമപഞ്ചായത്തിലെ വള്ള്യായിയില്‍ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കിയത്. സ്ഥലം എംഎല്‍എ കൂടിയായ കെ കെ ശൈലജ ടീച്ചറുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.18 കോടി രൂപയും പഞ്ചായത്തു ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും എന്‍എച്ച്എം ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആധുനിക രീതിയിലുള്ള ചികിത്സ നാട്ടിന്‍പുറത്തും നല്‍കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മൊകേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. നിലവിലുള്ള തസ്തികകള്‍ക്ക് പുറമെ രണ്ട് അസിസ്റ്റന്റ് സര്‍ജന്‍, രണ്ട് സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ തസ്തികകള്‍ ഇവിടെ അനുവദിച്ചിട്ടുണ്ട്. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ക്കായി പ്രീ ചെക്കപ്പ് ഏരിയ, ഒബ്‌സര്‍വേഷന്‍ റൂം, വെയിറ്റിംഗ് ഏരിയ, ലാബ്, ഫാര്‍മസി, മൈനര്‍ ഒ ടി എന്നിവയും ആവശ്യമായ ജീവനക്കാരും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉണ്ട്.
മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് ടി വിമല അധ്യക്ഷയായി. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അനൂപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ കെ തങ്കം, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വത്സന്‍, പഞ്ചായത്ത് അംഗം എന്‍ ശോഭന, ഡി എം ഒ ഡോ. കെ നാരായണ നായ്ക്ക്, ഡി പി എം ഡോ. അനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി എം രമേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.