മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഇന്നു രാവിലെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വാവ സുരേഷിനെ ഡിസ്ചാർജ് ചെയ്തത്. രാവിലെ മെഡിക്കൽ ബോർഡ് ചേർന്നു ആരോഗ്യനില പരിശോധിച്ച ശേഷമാണു ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. തനിക്കിത് രണ്ടാം ജന്മമാണെന്നു വാവ സുരേഷ് പറഞ്ഞു. മന്ത്രി വി.എന്‍.വാസവന് ഉള്‍പ്പെടെ എത്തിയാണ് വാവ സുരേഷിനെ വീട്ടിലേക്ക് യാത്രയാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂർണമായും മാറി. ആരോഗ്യം മെച്ചപ്പെട്ടു. ചെറിയ ശരീര വേദന ഒഴികെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് സുരേഷ് പറഞ്ഞത്. പാമ്പു കടിച്ച കാലിലെ തുടയുടെ ഭാഗത്ത് മുറിവ് അൽപം കൂടി ഉണങ്ങാനുണ്ട്. ഇതിനുള്ള ആന്റിബയോട്ടിക് മരുന്നു മാത്രമാണ് നിലവിൽ നൽകുന്നത്. 10 ദിവസമെങ്കിലും പൂർണവിശ്രമം വേണം.