കെ.ടി ജലീലിനെതിരെ കാനം രാജേന്ദ്രൻ

ലോകായുക്തയെ വിമർശിച്ച കെ.ടി ജലീലിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ.ടി ജലീൽ ഒരു പ്രസ്ഥാനമല്ല വ്യക്തിമാത്രമാണ്. ലോകായുക്തക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് പരിഹാരം കാണാനുള്ള വ്യവസ്ഥ ആ നിയമത്തിൽ തന്നെയുണ്ട്. അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നായിരിക്കും അത് പറഞ്ഞതെന്നും കാനംരാജേന്ദ്രൻ പറഞ്ഞു. നിലവിലെ ലോകായുക്തക്കെതിരെ ഗുരുതര ആക്ഷേപങ്ങളാണ് ജലീൽ ഉന്നയിച്ചത്. തക്ക പ്രതിഫലം കിട്ടിയാൽ എന്തു കടുംകൈയ്യും ചെയ്യുമെന്ന് ജലീൽ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ കുറിച്ചിരുന്നു.

ലോകായുക്തക്കെതിരെ ആരോപണങ്ങളുമായി ഇന്നും ജലീല്‍ രംഗത്ത് എത്തിയിരുന്നു. മൂന്നരവർഷം സുപ്രീംകോടതിയിൽ ഇരുന്നിട്ട് ആറ് കേസിൽ മാത്രം വിധി പറഞ്ഞയാൾ തനിക്കെതിരായ കേസിൽ 12 ദിവസം കൊണ്ട് വിധി പറഞ്ഞു. എത്തേണ്ടത് മുൻകൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തിൽ വേഗത്തിൽ വിധി വന്നതെന്നുമായിരുന്നു ജലീലിന്റെ ആരോപണം. തക്കതായ പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്തും ചെയ്യും. പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താനുള്ള കത്തിയായാണ് ലോകായുക്തയെ പ്രതിപക്ഷം കാണുന്നത്. ഈ കത്തി കണ്ടെത്തിയത് യുഡിഎഫാണെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ ആരോപിച്ചിരുന്നു.