പെഗാസസിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി

പെഗാസസിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിന് പെഗാസസ് വാങ്ങിയെന്നും ആര് അനുമതി നൽകിയെന്നും സർക്കാർ വ്യക്തമാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ആരെയൊക്കെ നിരീക്ഷിക്കണം എന്ന് എങ്ങനെ തീരുമാനിച്ചു എന്നും അദ്ദേഹം ചോദിച്ചു. ആർക്കാണ് അതിൻ്റെ റിപ്പോർട്ട് കിട്ടിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്ര ഗുരുതരമായ വിഷയത്തിൽ മൗനം പാലിക്കുന്നത് ക്രിമിനൽ കുറ്റം ചെയ്തത് അംഗീകരിക്കുന്നതിന് തുല്യമെന്നും യെച്ചൂരി പറഞ്ഞു. മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവരുടെ ഫോൺ ചോർത്തിയത് രാജ്യദ്രോഹമാണ്. ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയക്കാരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ് മോദി സർക്കാർ പെഗാസസ് വാങ്ങിയതെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.