രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 525 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ടി പി ആർ 17.78 ശതമാനമാണ്. 2.59 ലക്ഷം പേർ രോഗമുക്തി നേടി.

മഹാരാഷ്ട്ര, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെ നാൽപതിനായിരത്തിലധികം കൊവിഡ് കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ കഴിഞ്ഞദിവസം 45,136 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവർ ബന്ധപ്പെട്ട രേഖകൾ കരുതണം. ആരാധനാലയങ്ങളുടെ ചടങ്ങുകൾ ഓൺലൈനായി നടത്താം. ഇന്നും മുപ്പതിനുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തത്. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ പാടില്ല, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ, പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവര്‍ത്തിക്കാം തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.