തല്ലി ഓടിച്ചാലും കെ റയിലിനെതിരായ സമരം തുടരും; എം വി ജയരാജനെ കോമാളി ആയി മാത്രമേ കാണുന്നുള്ളുവെന്ന് റിജില്‍ മാക്കുറ്റി

അക്രമം കാണിച്ചാലും തല്ലി ഓടിച്ചാലും കെ റയിലിനെതിരായ സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പൊലീസിന്റെ ജോലി ഡിവൈഎഫ്‌ഐ ഏറ്റെടുത്തു. കെ റയിലിനെതിരായ പ്രതിഷേധം ഇല്ലാതാക്കാനുള്ള ക്വട്ടേഷന്‍ ഡിവൈഎഫ്‌ഐ ഏറ്റെടുത്തിരിക്കുകയാണ്. പാന്റ് ഇട്ട് സമരം നടത്തിയാല്‍ എന്താണ് പ്രശ്‌നം. എം വി ജയരാജനെ കോമാളി ആയി മാത്രമേ യൂത്ത് കോണ്‍ഗ്രസ് കാണുന്നുള്ളുവെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

കണ്ണൂരിലെ പൊലീസ് എം.വി. ജയരാജന്റെ ദാസന്‍മാരായി മാറിയിരിക്കുകയാണ്. ആക്രമിച്ച ജനപ്രതിനിധികള്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. സമരത്തിനകത്ത് മോഷണം നടത്തുന്ന സംഘടനയായി ഡിവൈഎഫ്‌ഐ മാറുന്നു. പ്രതിഷേധം നടത്തുക എന്നത് തങ്ങളുടെ ബാധ്യതയാണ്. കൊവിഡ് നിയന്ത്രണ മാനദണ്ഡം ഉള്ളത് കൊണ്ട് ഒരുപാട് ആളുകളുമായി പ്രതിഷേധിക്കാന്‍ പറ്റിയ സാഹചര്യമല്ല. അതുകൊണ്ടാണ് ആളുകളുടെ എണ്ണം കുറച്ചത്. അന്ന് തങ്ങളെ അക്രമിച്ചവര്‍ ജനപ്രതിനിധികളാണ്. അതിനെ നിയമപരമായി നേരിടും.

മാധ്യമ പ്രവര്‍ത്തകരെ വരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം നടത്തിയത് ചിത്രീകരിക്കുക മാത്രമാണ് അവര്‍ ചെയ്തത്. കെപിസിസി അധ്യക്ഷന്‍ പറഞ്ഞത് അനുസരിക്കുക എന്നത് യൂത്ത് കോണ്‍ഗ്രസിന്റെ ബാധ്യതയാണ് എന്നും റിജില്‍ മാക്കുറ്റി കൂട്ടിച്ചേര്‍ത്തു.