എരഞ്ഞോളിപ്പാലം തുറക്കുന്നത് 31-ലേക്ക് മാറ്റി

 

കൂത്തുപറമ്പ്-തലശ്ശേരി റൂട്ടിലെ എരഞ്ഞോളിപ്പാലം തുറക്കുന്നത് ജനുവരി 31-ലേക്ക് മാറ്റി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം തുറന്നുകൊടുക്കും. 30-ന് 3.30-ന് പാലം തുറന്നുകൊടുക്കാനാണ് കഴിഞ്ഞദിവസം തീരുമാനിച്ചത്. പുതുക്കിയ കോവിഡ് മാനദണ്ഡപ്രകാരം 30-ന് അവശ്യസേവനം മാത്രമായി നിയന്ത്രണം വന്നതിനാലാണ് തീയതിയില്‍ മാറ്റംവരുത്തിയത്.

പാലം തുറക്കുന്നതോടെ എരഞ്ഞോളിപ്പാലത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. പാലത്തില്‍ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ തലശ്ശേരിയില്‍നിന്ന് കൂത്തുപറമ്പിലേക്കുള്ള വാഹനങ്ങള്‍ കുയ്യാലി റെയില്‍വേ ഗേറ്റ് വഴിയാണ് കടന്നുപോകുന്നത്. റെയില്‍വേഗേറ്റ് അടച്ചാല്‍ കുയ്യാലി മുതല്‍ തലശ്ശേരി വരെയുണ്ടാകുന്ന ഗതാഗത തടസ്സത്തിനും ഇതോടെ പരിഹാരമാകും.