കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിൽ പൊന്നാമറ്റത്തിൽ അന്നമ്മ തോമസ് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി ജോളി ജോസഫിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരേ അന്വേഷണസംഘം സുപ്രീം കോടതിയിലേക്ക്. സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികൾ തുടങ്ങിയെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
പ്രോസിക്യൂഷന് കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞിെല്ലന്നാരോപിച്ചാണ് ഒക്ടോബർ 15-ന് ഒരു കേസിൽമാത്രം ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആറ് കൊലപാതകക്കേസുകളും പരസ്പരം ബന്ധമുള്ളതായതിനാൽ മറ്റുകേസുകളെക്കൂടി ബാധിക്കുമെന്നതിനാലാണ് ജാമ്യം അനുവദിച്ചതിനെതിരേ അപ്പീൽ നൽകുന്നത്.
അതേസമയം, കൂടത്തായി കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനുമുൻപായി കുറ്റം ചുമത്തുന്നതിന്(ചാർജ് ഫ്രെയിമിങ്) മുന്നോടിയായുള്ള വാദംകേൾക്കൽ ജില്ലാസെഷൻസ് കോടതി 26-ലേക്ക് മാറ്റി.ജോളിയുടെ മുൻഭർതൃപിതാവ് ടോംതോമസ്, ഭർതൃമാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജിയുടെ മകൾ ആൽഫൈൻ എന്നിവർ കൊല്ലപ്പെട്ട കേസുകളും കോടതി പരിഗണിച്ചു. നേരത്തേ റോയ്‌തോമസും സിലിയും കൊല്ലപ്പെട്ട കേസുകൾ മാത്രമായിരുന്നു പരിഗണിച്ചത്.