നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്ന കേസിലാണ് പൊലീസിന്റെ പരിശോധന. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ പൊലീസ് സംഘമാണ് ദിലീപിന്റെ ആലുവ പറവൂര്‍ കവലയിലെ പത്മസരോവരം എന്ന വീട് പരിശോധിക്കുന്നത്.
ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് മതില് ചാടി കടന്ന് വീട്ടുപറമ്പിലേക്ക് പ്രവേശിച്ചു. ദിലീപിന്റെ സഹോദരിയെത്തി വീട് തുറന്നതോടെ ക്രൈംബ്രാഞ്ച് സംഘം വീടിനുള്ളില്‍ പരിശോധന നടത്തികൊണ്ടിരിക്കുകയാണ്. പരിശോധന കോടതി അനുമതിയോടെയെന്ന് ക്രൈംബ്രാഞ്ച്.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് ദിലീപിന്റെ വീട്ടിലെ പരിശോധന.