ജിഫ്രി തങ്ങള്‍ക്ക് ഭീഷണി ഉയർന്ന സാഹചര്യത്തില്‍ സർക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ

ജിഫ്രി തങ്ങള്‍ക്ക് ഭീഷണി ഉയർന്ന സാഹചര്യത്തില്‍ സർക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉറപ്പു നല്‍കി. ഈ വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഫോണ്‍ മാര്‍ഗമാണ് മന്ത്രി സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അറിയിച്ചത്.

എന്നാല്‍, തനിക്ക് സുരക്ഷയുടെ ആവശ്യം ഇപ്പോഴില്ലെന്നും ദിവസങ്ങള്‍ക്ക് മുമ്പാണ് ഭീഷണിയുണ്ടായത്, അത് ഗൗരവത്തിലെടുക്കുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ മന്ത്രിക്ക് മറുപടി നല്‍കി. മലപ്പുറം ആനക്കയത്ത് സമസ്തയുടെ കീഴിലുള്ള ഒരു കോളജില്‍ സംസാരിക്കവെയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തനിക്കെതിരെ ഭീഷണിയുണ്ടായതായി വെളിപ്പെടുത്തിയത്. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ജഫ്രി മുത്തുകോയ തങ്ങൾ അറിയിച്ചു. മന്ത്രി വി. അബ്ദുറഹിമാനുമായി ജിഫ്രി തങ്ങൾ ഫോണിൽ സംസാരിച്ചു. നേരിട്ട് വരേണ്ട കാര്യമൊന്നുമില്ലെന്നും വധഭീഷണിയിൽ പരാതിയില്ലെന്നും മന്ത്രിയെ ജിഫ്രി തങ്ങൾ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാനും ജിഫ്രി തങ്ങൾ മന്ത്രി വി.അബ്ദുറഹ്മാനോട് ആവശ്യപ്പെട്ടു.