ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ. പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കും

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ. പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കും. എം.പി മാരായ ടി. എൻ പ്രതാപനും ഹൈബി ഈഡനും പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗിനെ കണ്ടു. പ്രദീപിന്റെ സംസ്‌കാരം കുടുംബത്തിന്റെ ആഗ്രഹം പോലെ നടത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് പറഞ്ഞു. വൈകിട്ട് ഡൽഹിയിലെത്തിക്കുന്ന ഭൗതിക ശരീരം പ്രത്യേക വിമാനത്തിൽ കേരളത്തിലെത്തിക്കും.

അതേസമയം കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. ഊട്ടി വെല്ലിങ്ടണ്‍ മദ്രാസ് റെജിമെന്‍റ് സെന്‍ററില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവെച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി, മറ്റ് സൈനിക ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണാധികാരികള്‍ എന്നിവര്‍ പങ്കെടുത്തു. മരിച്ച 13പേരുടെയും മൃതദേഹം അല്‍പസമയത്തിനകം കോയമ്പത്തൂരിലെ സൂലൂര്‍ വ്യോമതാവളത്തിലെത്തിക്കും. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

വൈകിട്ട് ഡല്‍ഹിയിലും പൊതുദര്‍ശനമുണ്ടാകും. ബിപിന്‍ റാവത്ത് ഭാര്യ മധുലിക എന്നിവരുടെ സംസ്കാരം നാളെ ഡല്‍ഹിയില്‍ നടക്കും. മറ്റുള്ളവരുടെ മൃതദേഹം സ്വദേശങ്ങളിലെത്തിക്കും. എല്ലാവരുടെയും സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.