സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് നാളെ എരിപുരത്ത് പതാക ഉയരും

സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് നാളെ എരിപുരത്ത് പതാക ഉയരും. മണ്‍ മറഞ്ഞ
സഖാക്കളായ പി. വാസുദേവൻ , കെ. കുഞ്ഞാപ്പ എന്നിവരുടെ പേരിലാണ് മാടായി എരിപുരത്ത് സമ്മേളന നഗരി ഒരുക്കിയിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നീണ്ട് നിൽക്കുന്ന സമ്മേളനം പൊലീറ്റ്ബ്യുറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഎംന്‍റെ ആദ്യ ജില്ലാ സമ്മേളനമാണ് കണ്ണൂരില്‍ നടക്കുന്നത്. കണ്ണുരുകാരനായ പാർട്ടി സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചു വരവിന് ശേഷമുള്ള ആദ്യ പൊതു പരിപാടി എന്ന പ്രത്യേകതയും കണ്ണൂർ ജില്ലാ സമ്മേളനത്തിനുണ്ട്.
ഭരണ തുടർച്ചയുടെയും എൽഡിഎഫിന് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജില്ലയിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചതിന്‍റെയും പശ്ചാത്തലത്തിലാണ് സമ്മേളനം നടക്കുന്നത്. ലോക് സഭ തെരഞ്ഞടുപ്പിലെ തിരിച്ചടിയും, കഴിഞ്ഞ കാലയളവിൽ ജില്ലയിൽ പാർട്ടിയുടെ പ്രവർത്തങ്ങളും വിലയിരുത്തി പ്രതിനിധി സമ്മേളനത്തോടെയാണ് തുടക്കം. പ്രതിനിധി സമ്മേളന ദിനമായ വെള്ളിയാഴ്ച
മാധ്യമ സെമിനാർ ഇശൽ വിരുന്ന്, നൃത്തവിഷ്ക്കാരം തുടങ്ങിയ പരിപാടികളും ഉണ്ടാകും. 12 ന് പഴയങ്ങാടി ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കുന്ന പൊതു സമേളനത്തോട് കൂടി സമ്മേളനം സമാപിക്കും.