സൈനിക ഹെലികോപ്റ്റര്‍ അപകടം; ഇതുവരെ തിരിച്ചറിഞ്ഞത് നാലുമൃതദേഹം മാത്രം

തമിഴ്‌നാട്ടിലെ കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇതുവരെ തിരിച്ചറിഞ്ഞത് നാലുമൃതദേഹം മാത്രം. അപകടത്തില്‍പ്പെട്ട മുഴുവന്‍ പേരുടെയും ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. ഫലം വന്നതിനുശേഷമേ മറ്റ് 9 പേരെയും തിരിച്ചറിയാന്‍ കഴിയൂ. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ശരീരം ഇന്നലെ തിരിച്ചറിഞ്ഞിരുന്നു.

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം രാവിലെ 10; 30ന് പൊതുദര്‍ശനത്തിന് വയ്ക്കും. ഊട്ടിയിലെ വെല്ലിംഗ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററിലാണ് പൊതുദര്‍ശനം. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഗവര്‍ണറും ഉന്നത സൈനിക ഉദ്യോഗസ്ഥരും പുഷ്പചക്രം അര്‍പ്പിക്കും.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാവിലെ 11 മണിക്ക് ലോക്‌സഭയിലും 11. 30ന് രാജ്യസഭയിലും പ്രസ്താവന നടത്തും. ഇതിനിടെ അപകടസ്ഥലത്ത് വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഹെലികോപ്റ്ററില്‍ നിന്ന് ബ്ലാക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്. വിംഗ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തകര്‍ന്ന ഹെലികോപ്റ്ററിന്റെ ഭാഗങ്ങള്‍ അടക്കം സൂക്ഷ്മപരിശോധനയ്ക്ക് അന്വേഷണ സംഘം വിധേയമാക്കിയിട്ടുണ്ട്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും കുനൂരില്‍ പരിശോധന നടത്തി.