രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടി കങ്കണ റണൗട്ട്‌

രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടി കങ്കണ റണൗട്ട്‌. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും, എന്നാൽ ദേശീയവാദികൾക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും കങ്കണ റണൗട്ട്‌ പറഞ്ഞു. ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് കങ്കണയുടെ മറുപടി.

ശ്രീകൃഷ്ണന്റെ യഥാർത്ഥ ജന്മസ്ഥലം ജനങ്ങളെ കാണിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കങ്കണ പറഞ്ഞു. ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്ത് ഒരു ഈദ് ഗാഹ് ഉണ്ടെന്നും കങ്കണ അവകാശപ്പെട്ടു. തന്റെ പല പ്രസ്താവനകളും ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആളുകൾ കുറ്റപ്പെടുത്തുമ്പോൾ യഥാർത്ഥ ദേശീയവാദികൾക്ക് താൻ പറയുന്നതാണ് ശരിയെന്ന് കൃത്യമായി അറിയാമെന്നും നടി പറഞ്ഞു.

ചണ്ഡിഗഢിൽ വച്ച് കർഷകർ കാർ തടഞ്ഞ സംഭവത്തെ കുറിച്ചുളള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ ഒരിക്കലും മാപ്പ് പറഞ്ഞിട്ടില്ലെന്നും, അതിൽ പ്രതിഷേധിക്കുകയാണ് ചെയ്തതെന്നും കങ്കണ പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ നിന്ന് പഞ്ചാബിലെത്തിയ താരത്തിന്റെ കാര്‍ സ്ത്രീകളടക്കമുള്ള കര്‍ഷകരുടെ സംഘം തടയുകയായിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തെ നിരന്തരം ആക്ഷേപിക്കുകയും, കര്‍ഷക സമരങ്ങളെ ഖലിസ്ഥാനി പ്രസ്ഥാനവുമായി നടി താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. കങ്കണയുടെ പ്രസ്താവനകളിൽ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ വാഹനം തടഞ്ഞത്.