ബിനീഷ് കോടിയേരിയുടെ അഭിഭാഷകവൃത്തിയ്ക്ക് ഇന്ന് തുടക്കം.

കള്ളപ്പണ കേസിൽ ജയിൽ മോചിതനായ ബിനീഷ് കോടിയേരി അഭിഭാഷകവൃത്തിയിലേക്ക്. ഇന്ന് 11.30ന് ഹൈക്കോടതിക്ക് സമീപം ഓഫീസ് പ്രവർത്തനം ആരംഭിക്കും. ബിനീഷിനൊപ്പം പിസി ജോർജിന്റെ മകൻ ഷോൺ ജോർജും, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസിന്റെ മകൻ നിനു മോഹൻദാസുമുണ്ട്.
കെഎച്ച്സിസിഎ കോംപ്ലക്സിൽ 651ആം നമ്പർ മുറിയിലാണ് ഓഫീസ്.

മൂവരും സഹപാഠികളായിരുന്നു. 2006ലാണ് ബിനീഷും ഷോണും അഭിഭാഷകരായി എൻറോൾ ചെയ്യുന്നത്. ഷോൺ രണ്ട് കൊല്ലം പ്രാക്ടീസും ചെയ്തു. അതേസമയം, മകന്റെ ഓഫീസ് ഉദ്ഘാടനത്തിന് കോടിയേരി ബാലകൃഷ്ണൻ എത്തില്ലെന്നാണ് വിവരം. പിസി ജോർജ് ചടങ്ങിൽ പങ്കെടുക്കും. ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ഒക്ടോബർ 30 രാത്രി എട്ടരയോടെയാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകൾ പറയാൻ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു.