തലശ്ശേരിയില്‍ നിരോധനാജ്ഞ

തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ഡിസംബര്‍ ആറാം തിയതി വരെയാണ് നിരോധനാജ്ഞ.ആളുകള്‍ കൂട്ടം കൂടുന്നതിനും യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്.സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മുന്‍കരുതല്‍.

കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രവാക്യങ്ങളുയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇന്ന് വൈകിട്ട് പ്രകടനം നടത്തുമെന്ന് ബിജെപിയും അറിയിച്ചിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.