മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സിഐ സുധീറിന്റെ പേരും

 

ആലുവയിൽ ഭർതൃവീട്ടിൽ നിയമ വിദ്യാർഥി മോഫിയ പീഡനത്തെ തുടർന്നും സിഐയുടെ പെരുമാറ്റത്തെ തുടർന്നും ആത്മഹത്യ ചെയ്ത സംഭവത്തിൽ മരണത്തിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ മുൻ സിഐ സുധീറിന്റെ പേരും. സുധീറിന്റെ പെരുമാറ്റം മോഫിയക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്റ്റേഷനിൽ നിന്ന് വീട്ടിൽ എത്തിയ ഉടനെയാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. എസ്എച്ച്ഒ മോഫിയയോട് കയർത്ത് സംസാരിച്ചെന്നും മോഫിയ ആത്മഹത്യ ചെയ്തത് നീതി കിട്ടില്ലെന്ന മനോവിഷമത്താലാണെന്നും കുറ്റപത്രത്തിലുണ്ട്. എന്നാൽ സിഐ സുധീറിനെ കേസിൽ പ്രതിയാക്കണമെന്നും അദ്ദേഹത്തിന്റെ മറ്റു ചെയ്തികളടക്കം അന്വേഷിക്കണമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. ആത്മഹത്യാ കുറിപ്പിൽ പരാമർശിക്കപ്പെട്ട എല്ലാവരും ശിക്ഷിക്കപ്പെടണമെന്ന് മോഫിയയുടെ മാതാവ് ഫാരിസ പറഞ്ഞു.

കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. മോഫിയയുടെ മാതാപിതാക്കളുടെ മൊഴി കേസന്വേഷണത്തിന്റെ ആദ്യ ദിവസം തന്നെ രേഖപ്പെടുത്തിയിരുന്നു. പ്രതികളെ കസ്റ്റഡിൽ വിട്ടുകിട്ടിയാൽ മാത്രമേ കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകൂ. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പറയും. മോഫിയയുടെ മൊബൈൽ ഫോണും പ്രതി സുഹൈലിന്റെ മൊബൈൽ ഫോണും പരിശോധിച്ച് തെളിവ് ശേഖരിക്കുകയാണ്. ആലുവ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.