മോഫിയ പർവീനിന്റെ ആത്മഹത്യയിൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും

മോഫിയ പർവീനിന്റെ ആത്മഹത്യയിൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും. സി ഐ സി എൽ സുധീറിനെതിരായ ആരോപണവും അന്വേഷിക്കും. കേസിലെ പ്രധാന പ്രതിക്കായി ക്രൈം ബ്രാഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. സിഐ സി.എൽ സുധീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാവുകയാണ്.

ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. മോഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിഐയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

എസ് പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച മോഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുളളവർ ഇടപെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ വിട്ടയച്ചു.