ചായക്കടയിലെ വരുമാനം കൊണ്ട് ലോകം ചുറ്റിയ വിജയൻ ഇനിയില്ല

ചായക്കടയിലെ വരുമാനം കൊണ്ട് ലോകം ചുറ്റിയ വിജയൻ പാതിവഴിയിൽ സഞ്ചാരം അവസാനിപ്പിച്ച് യാത്രയായി. കൊച്ചുപറമ്പിൽ കെ ആർ വിജയനാണ് അന്തരിച്ചത്. 76 വയസായിരുന്നു. എറണാകുളം ഗാന്ധി നഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന ഹോട്ടൽ ഉടമയായിരുന്നു വിജയൻ. ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഭാര്യ മോഹനയ്ക്കൊപ്പം ലോക യാത്രകൾ നടത്തിയത്. ഈ യാത്രകളാണ് മലയാളികൾക്ക് വിജയനെ സുപരിചിതനാക്കിയത്.

ഭാര്യയ്ക്കൊപ്പം 30 ഓളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ചായക്കടയിലെ വരുമാനത്തിൽ നിന്ന് ചെറുവിഹിതം എല്ലാ ദിവസവും മാറ്റിവച്ചായിരുന്നു ഈ ലോകയാത്രകൾ. പ്രതിദിനം 300 രൂപയോളം ഈ യാത്രകൾക്കായി മിച്ചംപിടിച്ചാണ് ഈ ദമ്പതികൾ സ്വപ്നസഞ്ചാരങ്ങൾ നടത്തിയത്.

16 വർഷത്തിനിടെ 26 രാജ്യം സന്ദർശിച്ച ദമ്പതിമാരുടെ കഥ കേരളത്തിലും പുറത്തുമുള്ള മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 2007 ൽ ഈജിപ്തിലേക്കായിരുന്നു ഇവരുടെ ആദ്യ വിദേശയാത്ര. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ഒക്ടോബർ അവസാനം റഷ്യയിലേക്കും. ഒടുവിൽ ജീവിത യാത്രയിൽ ഇനി മോഹന ഒറ്റക്കാക്കി വിജയൻ മടങ്ങി.