ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് വരുത്തി തീര്‍ക്കാന്‍ സുബീഷിനെ കൊണ്ട് കള്ളമൊഴി പറയിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സി.ബി.ഐ

ഫസല്‍ വധക്കേസില്‍ കുപ്പി സുബീഷിനെ കൊണ്ട് കള്ളമൊഴി പറയിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സി.ബി.ഐ.
കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം. കെ.പി സുരേഷ് ബാബു എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ആര്‍.എസ്. എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് സുബീഷിനെകൊണ്ട് കസ്റ്റഡിയില്‍ വെച്ച് കള്ളമൊഴി പറയിപ്പിച്ചതാണെന്നാണ് സിബിഐ റിപ്പോര്‍ട്ട്.

ഫസല്‍ വധക്കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഫസലിന്റെ വധത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന ആരോപണം ശരിയല്ലെന്നും കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും പറഞ്ഞ സിബിഐ ആദ്യ റിപ്പോര്‍ട്ടാണ് ശരിയെന്നും വിലയിരുത്തുന്നു.