കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍…

കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് മുരുകേശന്‍ അറസ്റ്റില്‍. 2016 ലെ എടക്കര ആയുധ പരിശീലന കേസിലെ പ്രതിയായ മുരുകേശനെ എന്‍ഐഎക്ക് കൈമാറി. പാപ്പിനിശ്ശേരിയില്‍ നിന്നാണ് ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടിയത്

തീരദേശത്തു കൂടി മൂന്നുപേര്‍ സംശയാസ്പതമായ രീതിയില്‍ സഞ്ചരിക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വളപട്ടണം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും മൂന്നുപേരെ പിടികൂടുകയും ചെയ്തത്. പോലീസ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാതിരുന്ന രവി മുരുകേശ് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായും പോലീസ് പറഞ്ഞു. പിടികൂടുമ്പോള്‍ ഇയാളുടെ കയ്യില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ കണ്ണൂരിലെത്തിച്ചു ചോദ്യം ചെയ്തത്.

എന്‍ഐഎ സംഘത്തെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂവരെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ രാഘവേന്ദ്ര എന്നാണ് യഥാര്‍ത്ഥ പേരെന്ന് ഇയാള്‍ എന്‍ ഐ എ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇയാള്‍ക്കെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ വയനാട് സ്വദേശിയായ ഡ്രൈവറും ബന്ധുവുമാണെന്നാണ് പോലീസിന് നല്‍കിയ മൊഴി. ഇവര്‍ എന്തിന് കണ്ണൂരിലെത്തിയെന്ന കാര്യം വിശദമായി അന്വേഷിച്ചുവരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.

2016 ല്‍ എടക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയുധ പരിശീലനം നടത്തിയ കേസില്‍ പ്രതിയാണ് മുരുകേശന്‍. മാവോയിസ്റ്റ് ഘടകങ്ങള്‍ക്ക് ഇടയിലെ സന്ദേശവാഹകനാണ് മുരുകേശന്‍.