ഒന്നരവര്‍ഷത്തെ ഇടവേളക്ക് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കും. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് പ്രവേശനോത്സവത്തോടെ തന്നെയാണ് സ്കൂളുകള്‍ തുറക്കുന്നത്. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കുട്ടികള്‍ സ്കൂളിലെത്തുമ്പോള്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്നും ആശങ്ക വേണ്ടെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് നല്കുന്ന ഉറപ്പ്. കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂള്‍ തുറക്കുന്നത്.2400 തെര്‍മല്‍ സ്കാനറുകള്‍ സ്കൂളുകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട്. രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കും.ബാച്ചുകള്‍ സ്കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ് എന്ന രീതിയില്‍ ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം. അതേസമയം ആദ്യ രണ്ടാഴ്ച ഹാജര്‍ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ഉണ്ടാവുക. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.
സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പും സജ്ജമാണ്. അധ്യാപകര്‍ കോവിഡ് പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ വിദ്യാര്‍ത്ഥികളെ ഇടയ്ക്കിടയ്ക്ക് പറഞ്ഞ് ഓര്‍മ്മപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പും നിര്‍ദേശിച്ചു. ഒന്നാം ക്ലാസിലെ ചെറിയ കുട്ടികള്‍ മുതല്‍ ഉള്ളതിനാല്‍ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും മറ്റ് പല വകുപ്പുകളുമായി നിരന്തരം ചര്‍ച്ച ചെയ്താണ് മാര്‍ഗരേഖ തയ്യാറാക്കിയത്.
ഈ കാര്യങ്ങള്‍ ഓര്‍ക്കുക
* ബയോബബിള്‍ അടിസ്ഥാനത്തില്‍ മാത്രം ക്ലാസുകള്‍ നടത്തുക.
* വായും മൂക്കും മൂടത്തക്കവിധം മാസ്ക് ധരിക്കുക.* യാത്രകളിലും സ്കൂളിലും മാസ്ക് താഴ്ത്തി സംസാരിക്കരുത്.
* കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.
*പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാന്‍ പാടുള്ളതല്ല.
* ടോയ്ലറ്റുകളില് പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
* അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.
* ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ത്ഥികള്‍ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.
* പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളതോ ആയ ആരും ഒരു കാരണവശാലും സ്കൂളില്‍ പോകരുത്.
* ഒന്നിലധികം പേര് ഉപയോഗിക്കാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണു വിമുക്തമാക്കേണ്ടതാണ്.
* രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സ്കൂളുകളില്‍ സൂക്ഷിക്കണം.
* രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.
* ഓരോ സ്കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
* അടിയന്തര സാഹചര്യത്തില്‍ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പരുകള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുക.
* കുട്ടികളും ജീവനക്കാരും അല്ലാത്തവര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
* വീട്ടിലെത്തിയ ഉടന്‍ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.