മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രിംകോടതിയില്‍

മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍. രണ്ട് പൊതുതാല്‍പര്യഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജി. ജലനിരപ്പ് സംബന്ധിച്ച് ഉന്നതതല സമിതി യോഗത്തിലെ തീരുമാനം അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിക്കും. ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ജലനിരപ്പ് 138 അടിയായാല്‍ സ്പില്‍വേ തുറക്കാമെന്നാണ് തമിഴ്നാടിന്റെ നിലപാട്. ഉന്നതതല യോഗത്തില്‍ സ്വീകരിച്ച ഈ നിലപാടുകള്‍ ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിക്കും.

ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ മേല്‍നോട്ട സമിതി ചെയര്‍മാനും, കേന്ദ്ര ജലകമ്മിഷന്‍ അംഗവുമായ ഗുല്‍ഷന്‍ രാജ്, കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തമിഴ്നാടിന് വേണ്ടി അഡിഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന എന്നിവരാണ് പങ്കെടുത്തത്. യോഗത്തിലെ വിവരങ്ങള്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിനെ അറിയിക്കും. ജലനിരപ്പ് സംബന്ധിച്ച മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.