
ആലപ്പുഴ; തുറവൂര്‍ സ്വദേശിയായ രാധാകൃഷ്ണ പിള്ളയാണ് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ചികിത്സാ പരാതിയുമായി രംഗത്തെത്തിയത്.
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ വെച്ച് ചില്ലുകള്‍ നീക്കാതെ മുറിവ് വെച്ചു കെട്ടിയെന്നാണ് പരാതി.
ഓട്ടോ ഡ്രൈവറാണ് രാധാകൃഷ്ണ പിള്ള. ഇക്കഴിഞ്ഞ ഡിസംബര്‍ 16ന് രാത്രി വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷ മറിഞ്ഞ് കൈയില്‍ ഓട്ടോയുടെ ചില്ല് തുളഞ്ഞു കയറുകയായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ചില്ലിന്റെ അംശങ്ങള്‍ നീക്കാതെയാണ് മുറിവ് വച്ചു കെട്ടിയതെന്നാണ് പരാതി

ചികിത്സ കഴിഞ്ഞ് 63 ദിവസങ്ങള്‍ക്ക് ശേഷവും വേദന മാറാത്തതിനെ തുടര്‍ന്ന് ആലപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മുറിവിനുള്ളില്‍ ഒരു സെന്റീമീറ്ററോളം വലുപ്പമുള്ള ചില്ല് കഷ്ണങ്ങള്‍ ഉള്ളതായി കണ്ടെത്തിയത്. ഇവിടെ നടത്തിയ ശസ്ത്രക്രിയയിലൂടെ 5 ചില്ലു കഷണങ്ങളാണ് പുറത്തെടുത്തത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ വിശദമായി പരിശോധിക്കാതെ മുറിവ് വെച്ചു കെട്ടിയെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ഡിഎംഒയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്. പരാതിയുടെ പകര്‍പ്പ് ആരോഗ്യമന്ത്രിക്കും അയച്ചിട്ടുണ്ട്


