
മലപ്പുറം; സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയതിന് യുവാവിനെ മർദ്ദിച്ചു കൊന്ന മലപ്പുറം മങ്കട സദാചാര കൊലക്കേസിൽ 5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ കൊന്ന കേസില്‍ യഥാക്രമം ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളായ
ഷറഫുദ്ദീൻ, അബ്ദുൽ ഗഫൂർ, അബ്ദു നാസർ, സക്കീർ ഹുസൈൻ, മുഹമ്മദ് സുഹൈൽ – എന്നിവരെയാണ് ശിക്ഷിച്ചത്. 3, 5 പ്രതികൾക്ക് തെളിവ് നശിപ്പിച്ചതിന് 2 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. മഞ്ചേരി ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്.
കേസിൽ 3 പേരെ കോടതി വെറുതെ വിട്ടിരുന്നു. കൊലപാതകം ആൾക്കൂട്ടക്കൊലയ്ക്കും ഭീകരവാദത്തിനും തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു

2016 ജൂൺ 28 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയതിന് നസീർ ഹുസൈനെ
പ്രതികൾ കൂട്ടം കൂടി തല്ലിക്കൊല്ലുകയായിരുന്നു. മർദ്ദന ദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയിരുന്നു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തതാണ് കേസിൽ നിർണായകമായത്. 40 ഓളം സാക്ഷികളെയാണ് ഇരു ഭാഗത്ത് നിന്നും വിസ്തരിച്ചത്. ശിക്ഷാവിധിയിൽ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂട്ടറും നസീറിൻ്റെ സഹോദരനും പ്രതികരിച്ചു


