

തിരുവനന്തപുരം: പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച് എസ് എസ് സ്കൂൾ പ്രിൻസിപ്പലിനാണ് മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നൽകിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കഴിഞ്ഞ വർഷം കാർ അപകടത്തിൽ മരിച്ച അധ്യാപിക റെസി ടൈറ്റസിനാണ് ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ പരീക്ഷാ ചുമതല നൽകിയത്. പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയായിരുന്നു റെസി. മരിച്ച അധ്യാപികയെ ടീച്ചർ ഡീറ്റെയിൽസിൽ നിന്ന് ഒഴിവാക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് നോട്ടീസിൽ പറയുന്നുണ്ട്. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം പരീക്ഷാ സെക്രട്ടറിക്ക് മുന്നിൽ ഹാജരായി മറുപടി നൽകണമെന്നും കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു

മരണം സംഭവിച്ചതോടെ സ്കൂളിൽ നിന്ന് റെസിയുടെ പേര് ഒഴിവാക്കിയെങ്കിലും ഡ്യൂട്ടി പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. സാങ്കേതിക പ്രശ്നമെന്നായിരുന്നു വിഷയത്തിൽ ഡയറക്ടറേറ്റിന്റെ വിശദീകരണം. വളയൻചിറങ്ങര എച്ച്എസ്എസിലെ ഡെപ്യൂട്ടി ചീഫ് ആയാണ് റെസി ടൈറ്റസിനെ ചുമതലപ്പെടുത്തിയിരുന്നത്. സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ തിരുത്തിയ പട്ടിക പുറത്തിറക്കുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്








