

കാസര്‍ഗോഡ് ; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേഷ്മ എന്ന ചിന്നു പാപ്പു ജീവനൊടുക്കിയത് ആൺ സുഹൃത്തുമായുള്ള തർക്കത്തിന് പിന്നാലെയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഈ സാഹചര്യത്തില്‍ യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഇതേ കുറിച്ച് ഫോൺ അടക്കം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. ഇന്നലെയാണ് യുവതിയെ കാസർകോട് ആസാദ് നഗറിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം പേജ് ആണ് ചിന്നുവിന്റേത്. കാസർകോടന്‍ ഭാഷാ ശൈലിയിലുള്ള ചിന്നുവിന്റെ അവതരണം ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയതായിരുന്നു. സോഷ്യൽ മീഡിയ താരത്തിൻ്റെ മരണ വിവരമറിഞ്ഞ് പേജിൽ നിരവധി പേരാണ് പ്രതികരണങ്ങളുമായെത്തുന്നത്

വളരെ കാലമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ചിന്നു. 4 വയസുള്ള മകനുണ്ട്. ഇതിനിടെ യുവതി യുവാവുമായി അടുപ്പത്തിലാകുകയായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നായിരുന്നു ആദ്യ ഘട്ടത്തിൽ പുറത്തു വന്ന വിവരം. എന്നാൽ കുടുംബം ഇത് നിഷേധിക്കുകയാണ് ആൺ സുഹൃത്തുമായുള്ള ചില തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്നലെ ഉച്ചകഴിഞ്ഞാണ് ചിന്നു പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് ആൺ സുഹൃത്ത് മറ്റൊരാളുമായി മുറിയിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുരുക്കുണ്ടാക്കാൻ ഉപയോഗിച്ച തുണി കീറി താഴെ വീണിരുന്നു. മരണ സമയത്തെ വെപ്രാളത്തിലാണ് കുരുക്ക് പൊട്ടിയത് എന്നാണ് പൊലീസ് പറയുന്നത്









