
തിരുവനന്തപുരം ; പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പുനര്‍ജനി പദ്ധതിക്ക് വേണ്ടി മണപ്പാട്ട് ഫൗണ്ടേഷന് ബാങ്ക് അക്കൗണ്ട് തുറന്നെന്നും 1.27 കോടി രൂപ പിരിച്ചെടുത്തുവെന്നും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 നവംബർ 27ന് മണപ്പാട്ട് ഫൗണ്ടേഷൻ അക്കൗണ്ട് തുറന്നു. പുനര്‍ജനി സ്പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ട് വഴിയും പണം സ്വരൂപിച്ചിട്ടുണ്ട്. പണം സ്വരൂപിച്ച മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും, പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ യാതൊരു വിധ എംഒയുവും ഒപ്പ് വെച്ചിട്ടില്ലെന്നും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. സാധാരണ ഗതിയിൽ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ എംഒയു ഒപ്പ് വെക്കാറുണ്ടെന്ന് വിജിലൻസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

വി ഡി സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ ചെയർമാൻ അമീർ അഹമ്മദ് മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒമാൻ എയർവെയ്സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി.ഡി സതീശൻ യുകെയിലേക്ക് പോയതും തിരികെ വന്നതും. മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദാണ് സതീശന് വേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. ഈ ടിക്കറ്റിന് ടാക്സ് അടച്ചിരിക്കുന്നത് മണപ്പാട്ട് ഫൗണ്ടേഷനാണെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു


