
തൃശൂര്‍ ; സിപിഎം പ്രസിഡണ്ട് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ 50 ലക്ഷം രൂപ ഓഫർ ലഭിച്ചെന്ന ലീഗ് സ്വതന്ത്രൻ്റെ ശബ്ദരേഖയാണ് വിവാദമാവുന്നത്.
തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് കോഴ വാഗ്ദാന പരാതി ഉയര്‍ന്നിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ യു ജാഫറാണ് 50 ലക്ഷം രൂപയുടെ ഓഫർ ലഭിച്ചതായി വെളിപ്പെടുത്തിയത്. 50 ലക്ഷമോ പ്രസിഡന്റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ജാഫർ പറയുന്ന ശബ്ദരേഖയാണ്
പുറത്ത് വന്നത്.
”ലൈഫ് സെറ്റിലാക്കാൻ രണ്ട് ഓപ്ഷനാണുള്ളത്. 50 ലക്ഷമാണ് ഓഫർ കിടക്കുന്നത്. ഒന്നും രണ്ടും രൂപയല്ല. രണ്ടാമത്തെ ഓപ്ഷൻ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പദവിയാണ്. രണ്ടിലൊന്ന് തെരഞ്ഞെടുക്കാം. നിങ്ങടെ കൂടെ നിന്നാൽ നറുക്കെടുത്താലെ കിട്ടുകയുള്ളൂ. ഇതാവുമ്പം ഒന്നും അറിയണ്ട, നമ്മളവിടെ പോയി കസേരയിൽ കയറി ഇരുന്നാൽ മതി” എന്ന് ജാഫർ പറയുന്നതിന്റെ ശബ്ദരേഖയാണ് കോണ്‍ഗ്രസ് എഫ്ബിയിലൂടെ പുറത്ത് വിട്ടത്

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിനും എൽഡിഎഫിനും ഏഴ് അംഗങ്ങൾ വീതമാണ് ഉണ്ടായിരുന്നത്. യുഡിഎഫ് അംഗമായിരുന്ന ലീഗ് സ്വതന്ത്രൻ ജാഫർ കൂറ് മാറി വോട്ട് ചെയ്തതോടെയാണ് വടക്കാഞ്ചേരി ബ്ലോക്ക് ഭരണം എൽഡിഎഫ് പിടിച്ചത്. തെരഞ്ഞെടുപ്പിൽ നിന്ന് ജാഫർ വിട്ടു നിന്നതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫിന് കിട്ടി. പിന്നീട് ജാഫർ രാജി വെക്കുകയായിരുന്നു. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് അനിൽ അക്കര ഡിജിപിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. കോഴ വാഗ്ദാന പരാതിയിൽ വിജിലൻസ് അന്വേഷണമുണ്ടാകും. തെരഞ്ഞെടുപ്പിന്റെ തലേന്ന് ജാഫര്‍ നടത്തിയ വെളിപ്പെടുത്തലാണ് കോൺഗ്രസ് പുറത്ത് വിട്ടത്


