
കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചു. ഫോൺ പൊലീസ് വാങ്ങി വെച്ചെന്ന് എൻ സുബ്രഹ്മണ്യൻ പറഞ്ഞു. ”പൊലീസ് നാടകം കളിക്കുന്നു. അയ്യപ്പന്റെ സ്വർണം കട്ടവർക്കെതിരെ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കും. കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തു വന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് ക്യാപ്ചർ ചെയ്തതാണ്. ആദ്യം ഇട്ട ഫോട്ടോ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തിരുന്നു.
പങ്കുവച്ചത് എ ഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ട്. എകെജി സെന്ററിൽ നിന്നുള്ള നിർദേശ പ്രകാരമാണ് തന്റെ അറസ്റ്റ് ” –
എൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയും ഒരുമിച്ചുള്ള വ്യാജ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചതിനാണ് സുബ്രഹ്മണ്യനെതിരെ കേസെടുത്തത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസ്

ഇന്ന് രാവിലെ ചേവായൂരിലെ സുബ്രഹ്മണ്യന്റെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലേക്ക് എത്തിക്കൊള്ളാം എന്ന് പറഞ്ഞ സുബ്രഹ്മണ്യനെ ആരുടെയോ ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ വീട്ടിൽ നിന്ന് കൊണ്ടു പോകുകയായിരുന്നു എന്നാണ് ആരോപണം. വൈദ്യപരിശോധനക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച സുബ്രഹ്മണ്യന്റെ രക്തസമ്മർദ്ദം കുറഞ്ഞു. പിന്നാലെ ചേവായൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനോടകം പൊലീസ് സ്റ്റേഷനിലെത്തിയ കോൺഗ്രസ് പ്രവർത്തകർ പൊലീസിനും സർക്കാരിനുമെതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം പലപ്പോഴും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. തുടര്‍ന്ന് പോലീസ് സുബ്രഹ്മണ്യനെ വിട്ടയക്കുകയായിരുന്നു


