
കണ്ണൂര്‍ കേളകത്താണ് സംഭവം. ലോട്ടറി നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അടക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നിക്കെതിരെയാണ് കേസെടുത്തത്.
26 സെന്റില്‍ 7 മുറികളും 6 ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചത്. രണ്ടാം സമ്മാനമായി യൂസ്ഡ് ഥാര്‍, മൂന്നാം സമ്മാനമായി കാര്‍, നാലാം സമ്മാനമായി ബുള്ളറ്റ് എന്നിവയും വാഗ്ദാനം ചെയ്തിരുന്നു 1,500 രൂപയാണ് ഒരു കൂപ്പണിന്റെ നിരക്ക്. ലോട്ടറി വകുപ്പ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെന്നിക്കെതിരെ കേസെടുത്തത്. കൂപ്പണുകളും മറ്റും പിടിച്ചെടുത്തു. വീട് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്

2025 മാര്‍ച്ചിലാണ് നറുക്കെടുപ്പ് നടപടികള്‍ ആരംഭിക്കുന്നത്. 10,000 കൂപ്പണ്‍ ബെന്നി അച്ചടിച്ചിരുന്നു. നറുക്കെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിനം കൂപ്പണ്‍ വില്‍പ്പന തീരാത്തതിനാല്‍ 80 % വില്‍പ്പന പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍ നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു അറിയിപ്പ്. അങ്ങിനെ ഡിസംബര്‍ 20 ന് നറുക്കെടുപ്പ് നടത്താനായിരുന്നു തീരുമാനം. അതിനിടെ തലേ ദിവസം ബെന്നിക്കെതിരെ കേസെടുക്കുകയായിരുന്നു. നിശ്ചയിച്ച ദിവസം നറുക്കെടുപ്പ് നടത്താതിരുന്നതോടെ പണം കൊടുത്ത് കൂപ്പണ്‍ വാങ്ങിയവര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം നറുക്കെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ പ്രദേശത്തെ ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരുന്നുവെന്നും അതിനിടെയാണ് പൊലീസ് കേസെടുത്തതെന്നുമാണ് ബെന്നി പറയുന്നത്


