
കൊച്ചി: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാ പ്രതിഭ ശ്രീനിവാസന്റെ അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു.
69 വയസായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോൾ
ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു

നടനും തിരക്കഥാകൃത്തും സംവിധായകനുമായി തിളങ്ങിയ 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്.
200 ലേറെ സിനിമകളിൽ അഭിനയിച്ചു. 5 തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നതായിരുന്നു ശ്രീനിവാസന്റെ രീതി.
1977ൽ പി എ ബക്കറിൻ്റെ മണിമുഴക്കത്തിൽ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ചു. ആദ്യം ചെറിയ വേഷങ്ങൾ. പിന്നീട് കണ്ടത് മലയാളികളുടെ കാഴ്ചാശീലങ്ങളെയും സൗന്ദര്യ സങ്കല്പങ്ങളെയും ൈ മാറ്റി മറിച്ച ശ്രീനിയുടെ സിനിമകളായിരുന്നു.
സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ തുടങ്ങി സംവിധായകനായും തിരക്കഥാകൃത്തായും അഭിനേതാവായും ശ്രീനിയുടെ കൈയൊപ്പ് ചാര്‍ത്തിയ
സിനിമകള്‍ മലയാളികള്‍ ഉള്ള കാലത്തോളം നിലനില്ക്കും. ശ്രീനിവാസനെ സിനിമാക്കാരനായി വളർത്തിയെടുത്തത് മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടാണ്. – രജനികാന്ത് അടക്കമുള്ള പ്രമുഖർക്കൊപ്പം സിനിമാ പഠനം. സത്യൻ അന്തിക്കാടുമൊത്ത് 15 സിനിമകൾ. ശ്രീനിക്കൊപ്പം മികച്ച കൂട്ടുകെട്ട് ഒരുക്കിയവരിൽ പ്രിയദർശനുമുണ്ട്. 1956 ഏപ്രിൽ 4 ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ജനനം. കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലുമാണ് പഠിച്ചത്

